പാലക്കാട് തങ്കം ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് മാതാവും നവജാത ശിശുവും മരിച്ച സംഭവത്തിൽ ഡോക്ടർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡോ അജിത്, ഡോ നിള, ഡോ പ്രിയദർശിനി എന്നിവരാണ് അറസ്റ്റിലായത്. മെഡിക്കൽ റിപ്പോർട്ടിൽ ചികിത്സാ പിഴവ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പൊലീസിന്റെ നടപടി.
പ്രസവത്തെ തുടർന്ന് തത്തമംഗലം സ്വദേശി ഐശ്വര്യ മരിച്ചത് ജൂലൈ നാലിനാണ്. നവജാത ശിശു മരിച്ചത് ജൂലൈ രണ്ടിനും. പാലക്കാട് ടൗൺ സൗത്ത് പൊലീസ് ഡോക്ടർമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ജൂൺ അവസാന വാരം ഐശ്വര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ വേണമെന്ന് ആദ്യം ഡോക്ടർമാർ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് പ്രസവം മതിയെന്ന് അറിയിക്കുകയായിരുന്നു. പ്രസവത്തിനിടയിൽ ഐശ്വര്യയ്ക്ക് അമിത രക്തസ്രാവമുണ്ടായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവജാത ശിശു പിറ്റേ ദിവസവും മരിച്ചു. ഇതിന് പിന്നാലെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.