കോണ്‍ഗ്രസ് ഇല്ലാതെ മതേതര സഖ്യം ഉണ്ടാക്കാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.കോൺഗ്രസിന് മുമ്പിൽ നിബന്ധന വച്ചുകൊണ്ട് സംസാരിക്കുന്നത് ശരിയല്ല. ബി ജെ പി പറയുന്ന കോൺഗ്രസ് മുക്ത ഭാരതമെന്ന ആശയമാണ് സിപിഐഎം ഏറ്റെടുത്തത്. കോൺഗ്രസിനെ ഒഴിവാക്കിയുള്ള മതേതര സഖ്യത്തിന് ഇന്ത്യയിൽ പ്രസക്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം നിലപാട് പരമപുച്ഛത്തോടെ എഴുതിത്തള്ളാനേ കഴിയൂ. 24 ശതമാനം വോട്ടുള്ള കോണ്‍ഗ്രസിന് മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി വെക്കുന്നത്. ഇത് ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ചപോലെയാണെന്നും സുധാകരന് പരിഹസിച്ചു. ഈ കൊച്ചു സംസ്ഥാനത്തു മാത്രം അവശേഷിക്കുന്ന യെച്ചൂരിയുടേയും എസ്ആര്‍പിയുടേയും പിണറായി വിജയന്റേയും പാര്‍ട്ടി മുന്നോട്ടുവെച്ചിരിക്കുന്ന നിബന്ധന സാമാന്യമര്യാദയ്ക്ക് നിരക്കാത്തതാണ്. ഗുണ്ടായിസം കൊണ്ടും പണത്തിന്റെ ഹുങ്കും കാട്ടിയാണ് സിപിഎം കേരളത്തില്‍ പിടിച്ചു നില്‍ക്കുന്നത്. ആ പാര്‍ട്ടി കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നയം തീരുമാനിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ല. കോടിയേരിയുടേയും എസ്ആര്‍പിയുടേയും അഭിപ്രായം സ്വീകരിച്ചുകൊണ്ട് മുന്നണിയുണ്ടാക്കുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും കെ സുധാകരന് പറഞ്ഞു.
കോൺഗ്രസ് പിന്തുടരുന്നത് മൃദു ഹിന്ദുത്വവും, നവ മുതലാളിത്ത നയങ്ങളുമാണ്. ഇതിൽ നിന്ന് മാറ്റമുണ്ടായാലേ കോൺഗ്രസുമായുള്ള സഖ്യം ആലോചിക്കാൻ കഴിയുവെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം എസ് രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു. ബിജെപിക്കെതിരെ ആരുമായം സഖ്യത്തിന് തയ്യാറാണ്. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും എസ്ആര്‍പി അഭിപ്രായപ്പെട്ടിരുന്നു.