പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസിൽ നാല് പ്രതികൾക്കും സിആർപിസി 41എ പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകി.ചോദ്യം ചെയ്യൽ പൂർത്തിയായാൽ അറസ്റ്റ് രേഖപ്പെടുത്തും. രണ്ടാം പ്രതി കോട്ടയം മാതാ ഹോസ്പിറ്റലിലെ ഡോ.ഹസ്‌ന, മെഡിക്കൽ കോളജിലെ നേഴ്‌സ് എം.രഹന, കെ.ജി.മഞ്ജു എന്നിവർക്ക് പൊലീസ് നോട്ടിസ് നൽകി. ഒന്നാം പ്രതി ഡോ.സി.കെ രമേശന് മഞ്ചേരി മെഡിക്കൽ കോളജിൽ പോയി നേരത്തെ നോട്ടിസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മെഡിക്കൽ കോളജ് എസിപിക്ക് മുൻപാകെ ഹാജരാക്കാനാണ് നോട്ടിസ്.
അതേസമയം, സംഭവത്തിൽ സമര സമിതി ഇന്ന് യോഗം ചേരും. കേസിന്റെ തുടർ നടപടികൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം . നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നിയമ നടപടികളും യോഗത്തിൽ ചർച്ചയാകും. നിയമസഭാ സമ്മേളനം കഴിയും വരെ പൊലീസ് നടപടികൾക്കൊപ്പം നിൽക്കാനാണ് സമര സമിതിയുടെ തീരുമാനം. കേസിൽ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതി ചേർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.