കടയ്ക്കല്‍: കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ ഗാനമേള വിവാദത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഗായകന്‍ അലോഷി. ‘ആസ്വാദകരുടെ ആവശ്യപ്രകാരമാണ് പാടിയത്. അവിടെ നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്. എഫ്.ഐ.ആര്‍ ഇട്ടതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാട്ട് പാടിയ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിപാടിയില്‍ വന്നിട്ടുണ്ടോ എന്ന് പോലും അറിയാത്തവര്‍ പരാതി ഉന്നയിക്കുകയായിരുന്നു’ -അലോഷി മാധ്യമങ്ങളോട് പറഞ്ഞു.
കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10ന് തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയാണ് വിവാദമായത്. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ വിപ്ലവ ഗാനങ്ങള്‍ ആലപിക്കുകയും വേദിയിലെ എല്‍. ഇ.ഡി സ്‌ക്രീനില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ ആരാമം കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗായകന്‍ അലോഷിയെ ഒന്നാം പ്രതിയായും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടു പേരെ പ്രതികളാക്കിയും കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.