തിരുവനന്തപുരം: ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പുരോഹിതരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി. ജബല്‍പൂരില്‍ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തോട് അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. കൈരളി ചാനലിന്റെ റിപ്പോര്‍ട്ടര്‍ ജബല്‍പൂര്‍ വിഷയത്തില്‍ ചോദ്യം ചോദിച്ചപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ജബല്‍പൂര്‍ വിഷയത്തില്‍ തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിന് താന്‍ അതേനാണയത്തില്‍ മറുപടി നല്‍കിയിട്ടുണ്ടെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യാനും പാലയൂര്‍ പള്ളി പൊളിക്കാനും വരെ നീക്കമുണ്ടായില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വഖഫ് ബില്‍ മുനമ്പത്തുകാര്‍ക്ക് ഗുണകരമാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാം. ബില്‍ ജെ.പി.സിയില്‍ തന്നെ ഇല്ലാതാവുമെന്ന് പറഞ്ഞ് നടന്നവരാണ് ഇപ്പോള്‍ അതിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുള്ളതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
വഖഫ് കിരാത രൂപത്തിലേക്ക് മാറാതിരിക്കാനാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. വഖഫ് ബില്ലിന് മുന്‍കാല പ്രാബല്യമുണ്ടോയെന്ന ചോദ്യത്തിന് കാത്തിരുന്നു കാണുവെന്നാണ് സുരേഷ് ഗോപിയുടെ മറുപടി.