വെസ്റ്റ് മണാശ്ശേരി; വെസ്റ്റ് മണാശ്ശേരിയില്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ദുരിതത്തിലായി സമീപവാസികള്‍. പതിനൊന്നര സെന്റില്‍ 12 ഫ്‌ളാറ്റകളാണ് ഇവിടെ നിര്‍മിക്കുന്നത്. സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കെട്ടിട നിര്‍മാണം പരോഗമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. തൊട്ടടുത്ത വീടുകളിലെ കൃത്യമായ അകലം പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നത്, തുടക്കത്തില്‍ ഗോഡൗണാണ് എന്ന് പറഞ്ഞാണ് പണി ആരംഭിച്ചിരുന്നത്.
പ്രധാന ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്കുകളെല്ലാം നിര്‍മിച്ചത് വീടുകളുടെ കിണറിനടുത്താണ്. ഫ്‌ളാറ്റില്‍ ആളുകള്‍ താമസമാക്കിയാല്‍ വേസ്റ്റ് തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴഞ്ഞി പുഴയില്‍ ചെന്ന് ചേരുന്ന തൊട്ടടുത്തുള്ള തോടിലേക്കാണ്. 1000 ത്തോളം ലിറ്റര്‍ മലിനജലം ഇത്തരത്തില്‍ വയലില്‍കൂടി അടുത്തുള്ള തോട്ടിലേക്ക് ഒഴുക്കേണ്ടിവരും. വയലിലെ കൃഷിക്കും ഫ്‌ളാറ്റ് ഭീഷണിയാണ്. നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ് എന്നിവയെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്.
നേരത്തെ നാട്ടുകാരുടെ പരാതിയില്‍ നഗരസഭ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തിയെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. പരിശോധന നടത്തിയ എഞ്ചിനീയര്‍മാര്‍ കുഴികള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുകയും നിയമാനുസൃതമായി മാത്രമേ കുഴികള്‍ എടുക്കുകയുള്ളു എന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടും കെട്ടിടം പണി തുടര്‍ന്നു. കെട്ടിടം പണിയുടെ 90 ശതമാനം പണിയും പൂര്‍ത്തിയായപ്പോള്‍ വീണ്ടും കുഴികള്‍ നിര്‍മിക്കുകയും ചെയ്തു. ആയിരം ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള കെട്ടിട നിര്‍മാണത്തിന് ഫയര്‍ഫോഴ്‌സിന്റെ അനുമതി വേണമെന്നുള്ള നിയമവും പാലിക്കപ്പെട്ടിട്ടില്ല.
നേരത്തെ നാട്ടുകാര്‍ ഈ കാര്യങ്ങള്‍ കാണിച്ച് മുക്കം മുനിസിപ്പല്‍ സെക്രട്ടറിക്കും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയിരുന്നു എങ്കിലും യാഥൊരു നടപടിയുമുണ്ടായില്ല എന്നും നാട്ടുകാര്‍ പറയുന്നു. അതിനാല്‍ അടുത്ത ദിവസം കലക്ടര്‍ക്കും മറ്റും പരാതി നല്‍കിയേക്കും.