നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനൊപ്പമില്ലെന്ന് തവനൂര്‍ എംഎല്‍എയും സിപിഎം സ്വതന്ത്രനുമായ കെടി ജലീല്‍. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയിലേക്കില്ല എന്നും എന്നാല്‍ അന്‍വറുമായുള്ള സൗഹൃദം നിലനിര്‍ത്തും എന്നും ജലീല്‍ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അന്‍വറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ട് എന്ന് ജലീല്‍ വ്യക്തമാക്കി. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും തള്ളിപ്പറയില്ല. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും ജലീല്‍ പറഞ്ഞു. എന്നാല്‍ പൊലീസില്‍ വര്‍ഗീയ താത്പര്യമുള്ളവര്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.പിണറായിയെ ആക്രമിക്കുന്നത് മതനിരപേക്ഷതയെ ദുര്‍ബലമാക്കും എന്നും ജലീല്‍ ചൂണ്ടിക്കാട്ടി. അതേസമയം അന്‍വര്‍ പൊലീസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ശരിയുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയോടും സിപിഎം സംസ്ഥാന സെക്രട്ടറിയോടും താനും പറഞ്ഞിരുന്നു എന്നും ജലീല്‍ പറഞ്ഞു. അന്‍വറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നിയോഗിച്ച അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ.എന്നാല്‍ അതിന് മുമ്പ് കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ജലീല്‍ പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും കുറിച്ച് അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കില്ല. മോഹന്‍ദാസിനെ കുറിച്ച് രാഷ്ട്രീയ എതിരാളികള്‍ പോലും പറയാത്ത കാര്യമാണ് അന്‍വര്‍ പറഞ്ഞത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇടതുപക്ഷത്തെ ബിജെപി അനുകൂലികളാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നും പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല എന്നും ജലീല്‍ പറഞ്ഞു. സിപിഎമ്മിനെ തള്ളിപ്പറഞ്ഞാല്‍ ഒരു വിഭാഗം സംശയത്തിന്റെ നിഴലിലാകും. അത് കേരളത്തെ വലിയ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും എന്നും അങ്ങനെ ഒരു പാതകം ഉണ്ടാകാന്‍ പാടില്ല എന്നും ജലീല്‍ പറഞ്ഞു.